Pages

Wednesday, 28 May 2014

മതപരിവർത്തനം നടത്തിയത്രെ!! എങ്ങനെ?

വീടിനടുത്ത് ഒരു നാരായണൻ ആശാൻ ഉണ്ടായിരുന്നു. എന്റെ പ്രീ സ്കൂൾ ഗുരുക്കന്മാരിൽ ഒരാൾ. അവിടെ അക്ഷരം പഠിപ്പിക്കുന്ന ഒരു രീതിയുണ്ട്. കൂട്ടത്തിൽ 'വിദ്യാഭ്യാസം' കൂടിയ ഒരു കുട്ടി ഉച്ചത്തിൽ " 'അ' എന്നെല്ലാരും എഴുതിയോ?" എന്ന് വിളിച്ചു ചോദിക്കും. അപ്പോൾ എഴുതിയവരും എഴുതാതവരും അറിയുന്നവരും അറിയാത്തവരും ഒന്നിച്ചു ഒരു കോറസ്സായി 'എഴുതി' എന്ന് മറുപടി പറയും. അപ്പോൾ ലീഡർ 'ആ'എന്ന് പറഞ്ഞു, പഠിപ്പിച്ചു തീർന്ന അക്ഷരമാല വരെ തുടരും.

ഇതിപ്പോൾ ഓർക്കാൻ കാരണം നൈജീരിയയിൽ 'ബോക്കോ ഹറാം' എന്ന മുസ്ലീം തീവ്രവാദികൾ തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടികളെ എല്ലാം  മത പരിവർത്തനം നടത്തി എന്ന വാർത്തയാണ്. എങ്ങനെയാവും മതപരിവർത്തനം നടത്തുക? രണ്ടു മൂന്നു ദിവസം കൊണ്ട് നടത്തിയെടുക്കാൻ തക്ക എളുപ്പമുള്ള ഒന്നാണോ മതപരിവർത്തനം? അല്ലെങ്കിൽ തന്നെ, ഈ കുട്ടികൾക്ക് സ്വന്തം മതത്തെകുറിച്ച് എത്രമാത്രം അറിയാമായിരിക്കും? പിടിച്ചുകൊണ്ട് പോയി പേടിപ്പിച്ചാൽ മതപരിവർത്തനം നടത്താനാകുമോ? മതം, പുറമേ ഭാവിക്കുന്ന രൂപ ഭാവങ്ങളിൽ ഒതുങ്ങുന്നത്ര ദുർബലമാണോ? ഈ തീവ്ര വാദികളിൽ ഒരാളെങ്കിലും വിശ്വസിക്കുന്നുണ്ടാവുമോ, ഈ കുട്ടികൾ അവരുടെ മത വിശ്വാസം വിട്ടു ഇവർ പറയുന്ന മതത്തിൽ ഉറച്ചു വിശ്വസിക്കുന്നു എന്ന്?

എങ്ങനെയാവാം  അവരീ ചടങ്ങ് നടത്തിയത്? ആണ്‍കുട്ടികളാണെങ്കിൽ അറ്റം ചെത്തി കളഞ്ഞ്  'മതം മാറ്റി' എന്ന് കരുതാമായിരിക്കാം. പെണ്‍കുട്ടികൾക്കും ചില നാടുകളിൽ അങ്ങനെ നടത്താറുണ്ട് എന്നും കേട്ടിട്ടുണ്ട്. ഏതായാലും, മതം മാറ്റി എങ്കിൽ ഇനി അവരെ തടവിൽ ഇടുന്നതിൽ എന്തർത്ഥം? സ്വന്തം മതത്തിൽ ഉള്ള കുട്ടികളെ ദ്രോഹിക്കാനോ?

ഇതൊക്കെ വായിക്കുമ്പോൾ ചിലരെങ്കിലും മറ്റൊരു മതത്തിലെ കാര്യം എന്ന് കരുതി സന്തോഷിക്കുന്നുണ്ടാവാം. അറിവാകുന്നതിനും മുന്പ് മതം മാറ്റ പരിശീലനത്തിന് പോയിട്ടുണ്ട് ഞാൻ. അന്ന് പടിപ്പിച്ചതനുസരിച്ച്, 5 മിനിട്ടിനുള്ളിൽ നടത്താവുന്ന ഒരു കർമ്മമാണ്‌ 'മതം മാറ്റം'. (ഇതിനു മറ്റു പല പേരുകളും ഇട്ടു വിളിക്കുന്നുണ്ട് എന്ന് മാത്രം). ഞാൻ ഈ രംഗത്ത് ഒരു സമ്പൂർണ്ണ പരാജയമായിരുന്നു എന്നതിൽ ഞാനിന്ന് അഭിമാനിക്കുന്നു. പരിശീലന പരിപാടിക്ക് ശേഷം, പ്രായോഗികത അലക്കാനായി ഗ്രൂപ്പുകളായി തിരിച്ച് പലയിടങ്ങളിലേക്ക്‌ വിട്ടു. തിരിച്ചെത്തിയ എല്ലാവരും അവരുടെ വിജയക്ഷമത തെളിയിക്കുംവണ്ണമുള്ള കണക്കുകൾ നിരത്തി. ഏതാണ്ട് 1 മണിക്കൂർ സമയം കൊണ്ട് 20 ആളുകൾ ചേർന്ന് നൂറോളം 'മതം മാറ്റങ്ങൾ' നടത്തിയിരുന്നു. ഒരാളെ പ്രേരിപ്പിക്കുവാൻ പോലും ആവാതിരുന്ന ഞാൻ കുറ്റബോധത്തോടെ '1' എന്ന കണക്കും കൊടുത്തു.

കൂട്ടത്തിൽ ഏറ്റവും ചെറിയ കള്ളം പറഞ്ഞത് ഒരു പക്ഷെ ഞാനാവാം. രാജകല്പന ലന്ഘിക്കുന്നതിലുള്ള ശിക്ഷ ഭയന്ന ദമ്പതികൾ, ധാരാളം ആളുകൾ ശുദ്ധമായ പാലൊഴിക്കുന്ന പാത്രത്തിൽ ഇരുട്ടിന്റെ മറവിൽ ഒരു ഗ്ലാസ് വെള്ളമൊഴിച്ചാൽ ആരും അറിയില്ലെന്ന് കരുതിയതും, പുലർച്ചെ വെളിച്ചമായപ്പോൾ, ഒഴിച്ചവരെല്ലാം ചിന്തിച്ചത് ഒരേ രീതിയിലായതിനാൽ വല്യ പാത്രംനിറയെ വെള്ളമായിരുന്നു എന്നത് കഥമാത്രമല്ല എന്ന് തിരിച്ചറിയുന്നു.

ക്രിസ്തുപോലുംപരഞ്ഞിട്ടില്ലാത്ത,പഠിപ്പിച്ചിട്ടില്ലാത്ത  രീതിയിൽ വ്യാഖ്യാനങ്ങൾ ഉണ്ടായത് കൊണ്ടാവണം മതം മാറ്റം ഇത്രമാത്രം പ്രാധാന്യമേറിയതായത്. അന്നവിടെ പറയപ്പെട്ട കണക്കുകളിൽ യാതാർത്യതിന്റെ തരിമ്പെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ ക്രിസ്ത്യാനികളുടെ എണ്ണം ഇന്ന് നൂറു കോടി കവിഞ്ഞേനെ എന്ന് പരിഹസിക്കാതെ വയ്യ.

ബലമായി ഹിജാബ് ധരിപ്പിചാലോ, അറ്റം ചെത്തിയാലോ, മതംമാറ്റം ഉണ്ടാവുമെന്ന് ഈ പൊട്ടന്മാർ കരുതുന്നുവെങ്കിൽ 'അവന്റെ' മതവും വിശ്വാസവും ഒക്കെ എത്രമാത്രം പരിഹാസ്യമാണ്.

'അരിയും പൈസയും കൊടുത്തു മതം മാറ്റുന്നെ' എന്ന് പറഞ്ഞു ഹിന്ദുമത വിശ്വാസികൾ എന്ന് സ്വയം പ്രശംസിക്കുന്ന ചിലർ നിലവിളിക്കുന്നു. പത്തോ അമ്പതോ കിലോ അരിയിലോ പതിനായിരം രൂപയിലോ വിശ്വാസം വലിച്ചെറിയുന്ന ഒരാൾ ശരിക്കും അതിൽ ഉറച്ചു വിശ്വസിച്ചിരുന്നു എന്ന് കരുതുന്നവരോടും പൈസ കൊടുത്താൽ മതം മാറ്റാം എന്ന് കരുതുന്ന മതം മാറ്റ തൊഴിലാളികളോടും 'ആദ്യം നീ മനുഷ്യനാവ്, നീ നിന്നെ തന്നെയും മറ്റുള്ളവരെയും സ്നേഹിക്കാൻ പടിക്ക്' എന്ന് മാത്രമേ പറയാനാവൂ.

ക്രിസ്തു പറഞ്ഞു, "നിന്നെ പോലെ നിന്റെ അയല്ക്കാരനെയും സ്നേഹിക്കുക" എന്ന്. എന്നാൽ, അവനവനെ സ്നേഹിക്കാതവനോട് എന്ത് പറയും? 

2 comments :

  1. ക്രിസ്തു ഇങ്ങനെയും പറഞ്ഞു :
    ഈ ലോകം മുഴുവൻ സുവിശേഷം അറിയിക്കണമെന്ന് !!

    ReplyDelete
    Replies
    1. പ്രിയ സുഹൃത്തേ, ക്രിസ്തു പറഞ്ഞ സുവിശേഷം, എന്തായിരുന്നു?

      Delete