Pages

Wednesday 28 May 2014

മതപരിവർത്തനം നടത്തിയത്രെ!! എങ്ങനെ?

വീടിനടുത്ത് ഒരു നാരായണൻ ആശാൻ ഉണ്ടായിരുന്നു. എന്റെ പ്രീ സ്കൂൾ ഗുരുക്കന്മാരിൽ ഒരാൾ. അവിടെ അക്ഷരം പഠിപ്പിക്കുന്ന ഒരു രീതിയുണ്ട്. കൂട്ടത്തിൽ 'വിദ്യാഭ്യാസം' കൂടിയ ഒരു കുട്ടി ഉച്ചത്തിൽ " 'അ' എന്നെല്ലാരും എഴുതിയോ?" എന്ന് വിളിച്ചു ചോദിക്കും. അപ്പോൾ എഴുതിയവരും എഴുതാതവരും അറിയുന്നവരും അറിയാത്തവരും ഒന്നിച്ചു ഒരു കോറസ്സായി 'എഴുതി' എന്ന് മറുപടി പറയും. അപ്പോൾ ലീഡർ 'ആ'എന്ന് പറഞ്ഞു, പഠിപ്പിച്ചു തീർന്ന അക്ഷരമാല വരെ തുടരും.

ഇതിപ്പോൾ ഓർക്കാൻ കാരണം നൈജീരിയയിൽ 'ബോക്കോ ഹറാം' എന്ന മുസ്ലീം തീവ്രവാദികൾ തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടികളെ എല്ലാം  മത പരിവർത്തനം നടത്തി എന്ന വാർത്തയാണ്. എങ്ങനെയാവും മതപരിവർത്തനം നടത്തുക? രണ്ടു മൂന്നു ദിവസം കൊണ്ട് നടത്തിയെടുക്കാൻ തക്ക എളുപ്പമുള്ള ഒന്നാണോ മതപരിവർത്തനം? അല്ലെങ്കിൽ തന്നെ, ഈ കുട്ടികൾക്ക് സ്വന്തം മതത്തെകുറിച്ച് എത്രമാത്രം അറിയാമായിരിക്കും? പിടിച്ചുകൊണ്ട് പോയി പേടിപ്പിച്ചാൽ മതപരിവർത്തനം നടത്താനാകുമോ? മതം, പുറമേ ഭാവിക്കുന്ന രൂപ ഭാവങ്ങളിൽ ഒതുങ്ങുന്നത്ര ദുർബലമാണോ? ഈ തീവ്ര വാദികളിൽ ഒരാളെങ്കിലും വിശ്വസിക്കുന്നുണ്ടാവുമോ, ഈ കുട്ടികൾ അവരുടെ മത വിശ്വാസം വിട്ടു ഇവർ പറയുന്ന മതത്തിൽ ഉറച്ചു വിശ്വസിക്കുന്നു എന്ന്?

എങ്ങനെയാവാം  അവരീ ചടങ്ങ് നടത്തിയത്? ആണ്‍കുട്ടികളാണെങ്കിൽ അറ്റം ചെത്തി കളഞ്ഞ്  'മതം മാറ്റി' എന്ന് കരുതാമായിരിക്കാം. പെണ്‍കുട്ടികൾക്കും ചില നാടുകളിൽ അങ്ങനെ നടത്താറുണ്ട് എന്നും കേട്ടിട്ടുണ്ട്. ഏതായാലും, മതം മാറ്റി എങ്കിൽ ഇനി അവരെ തടവിൽ ഇടുന്നതിൽ എന്തർത്ഥം? സ്വന്തം മതത്തിൽ ഉള്ള കുട്ടികളെ ദ്രോഹിക്കാനോ?

ഇതൊക്കെ വായിക്കുമ്പോൾ ചിലരെങ്കിലും മറ്റൊരു മതത്തിലെ കാര്യം എന്ന് കരുതി സന്തോഷിക്കുന്നുണ്ടാവാം. അറിവാകുന്നതിനും മുന്പ് മതം മാറ്റ പരിശീലനത്തിന് പോയിട്ടുണ്ട് ഞാൻ. അന്ന് പടിപ്പിച്ചതനുസരിച്ച്, 5 മിനിട്ടിനുള്ളിൽ നടത്താവുന്ന ഒരു കർമ്മമാണ്‌ 'മതം മാറ്റം'. (ഇതിനു മറ്റു പല പേരുകളും ഇട്ടു വിളിക്കുന്നുണ്ട് എന്ന് മാത്രം). ഞാൻ ഈ രംഗത്ത് ഒരു സമ്പൂർണ്ണ പരാജയമായിരുന്നു എന്നതിൽ ഞാനിന്ന് അഭിമാനിക്കുന്നു. പരിശീലന പരിപാടിക്ക് ശേഷം, പ്രായോഗികത അലക്കാനായി ഗ്രൂപ്പുകളായി തിരിച്ച് പലയിടങ്ങളിലേക്ക്‌ വിട്ടു. തിരിച്ചെത്തിയ എല്ലാവരും അവരുടെ വിജയക്ഷമത തെളിയിക്കുംവണ്ണമുള്ള കണക്കുകൾ നിരത്തി. ഏതാണ്ട് 1 മണിക്കൂർ സമയം കൊണ്ട് 20 ആളുകൾ ചേർന്ന് നൂറോളം 'മതം മാറ്റങ്ങൾ' നടത്തിയിരുന്നു. ഒരാളെ പ്രേരിപ്പിക്കുവാൻ പോലും ആവാതിരുന്ന ഞാൻ കുറ്റബോധത്തോടെ '1' എന്ന കണക്കും കൊടുത്തു.

കൂട്ടത്തിൽ ഏറ്റവും ചെറിയ കള്ളം പറഞ്ഞത് ഒരു പക്ഷെ ഞാനാവാം. രാജകല്പന ലന്ഘിക്കുന്നതിലുള്ള ശിക്ഷ ഭയന്ന ദമ്പതികൾ, ധാരാളം ആളുകൾ ശുദ്ധമായ പാലൊഴിക്കുന്ന പാത്രത്തിൽ ഇരുട്ടിന്റെ മറവിൽ ഒരു ഗ്ലാസ് വെള്ളമൊഴിച്ചാൽ ആരും അറിയില്ലെന്ന് കരുതിയതും, പുലർച്ചെ വെളിച്ചമായപ്പോൾ, ഒഴിച്ചവരെല്ലാം ചിന്തിച്ചത് ഒരേ രീതിയിലായതിനാൽ വല്യ പാത്രംനിറയെ വെള്ളമായിരുന്നു എന്നത് കഥമാത്രമല്ല എന്ന് തിരിച്ചറിയുന്നു.

ക്രിസ്തുപോലുംപരഞ്ഞിട്ടില്ലാത്ത,പഠിപ്പിച്ചിട്ടില്ലാത്ത  രീതിയിൽ വ്യാഖ്യാനങ്ങൾ ഉണ്ടായത് കൊണ്ടാവണം മതം മാറ്റം ഇത്രമാത്രം പ്രാധാന്യമേറിയതായത്. അന്നവിടെ പറയപ്പെട്ട കണക്കുകളിൽ യാതാർത്യതിന്റെ തരിമ്പെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ ക്രിസ്ത്യാനികളുടെ എണ്ണം ഇന്ന് നൂറു കോടി കവിഞ്ഞേനെ എന്ന് പരിഹസിക്കാതെ വയ്യ.

ബലമായി ഹിജാബ് ധരിപ്പിചാലോ, അറ്റം ചെത്തിയാലോ, മതംമാറ്റം ഉണ്ടാവുമെന്ന് ഈ പൊട്ടന്മാർ കരുതുന്നുവെങ്കിൽ 'അവന്റെ' മതവും വിശ്വാസവും ഒക്കെ എത്രമാത്രം പരിഹാസ്യമാണ്.

'അരിയും പൈസയും കൊടുത്തു മതം മാറ്റുന്നെ' എന്ന് പറഞ്ഞു ഹിന്ദുമത വിശ്വാസികൾ എന്ന് സ്വയം പ്രശംസിക്കുന്ന ചിലർ നിലവിളിക്കുന്നു. പത്തോ അമ്പതോ കിലോ അരിയിലോ പതിനായിരം രൂപയിലോ വിശ്വാസം വലിച്ചെറിയുന്ന ഒരാൾ ശരിക്കും അതിൽ ഉറച്ചു വിശ്വസിച്ചിരുന്നു എന്ന് കരുതുന്നവരോടും പൈസ കൊടുത്താൽ മതം മാറ്റാം എന്ന് കരുതുന്ന മതം മാറ്റ തൊഴിലാളികളോടും 'ആദ്യം നീ മനുഷ്യനാവ്, നീ നിന്നെ തന്നെയും മറ്റുള്ളവരെയും സ്നേഹിക്കാൻ പടിക്ക്' എന്ന് മാത്രമേ പറയാനാവൂ.

ക്രിസ്തു പറഞ്ഞു, "നിന്നെ പോലെ നിന്റെ അയല്ക്കാരനെയും സ്നേഹിക്കുക" എന്ന്. എന്നാൽ, അവനവനെ സ്നേഹിക്കാതവനോട് എന്ത് പറയും? 

Tuesday 6 May 2014

മരണമെത്തുന്ന നേരത്ത്

മനസിലിടം പിടിച്ച സിനിമാ ഗാനങ്ങളിലൊന്ന്. ഇത്ര മധുരമാണ് മരണമെന്ന് ഓർമിപ്പിച്ച കവിയ്ക്ക് നന്ദി. 


മരണമെത്തുന്ന നേരത്ത് നീയെന്‍റെ അരികില്‍ ഇത്തിരി നേരം ഇരിക്കണേ
കനലുകള്‍ കോരി മരവിച്ച വിരലുകള്‍ ഒടുവില്‍ നിന്നെ തലോടി ശമിക്കുവാന്‍
ഒടുവിലായകത്തേക്കെടുക്കും ശ്വാസ കണികയില്‍ നിന്‍റെ ഗന്ധമുണ്ടാകുവാന്‍

മരണമെത്തുന്ന നേരത്ത് നീയെന്‍റെ അരികില്‍ ഇത്തിരി നേരം ഇരിക്കണേ
ഇനി തുറക്കേണ്ടാതില്ലാത്ത കണ്‍കളില്‍ പ്രിയതേ നിന്‍ മുഖം മുങ്ങി കിടക്കുവാന്‍
ഒരു സ്വരം പോലുമിനിയെടുക്കാത്തോരീ ചെവികള്‍ നിന്‍ സ്വര മുദ്രയാല്‍ മൂടുവാന്‍
അറിവും ഓര്‍മ്മയും കത്തും ശിരസ്സില്‍ നിന്‍ ഹരിത സ്വച്ഛ സ്മരണകള്‍ പെയ്യുവാന്‍

മരണമെത്തുന്ന നേരത്ത് നീയെന്‍റെ അരികില്‍ ഇത്തിരി നേരം ഇരിക്കണേ
അധരമാം ചുംബനത്തിന്‍റെ മുറിവുനിന്‍ മധുര നാമ ജപത്തിനാല്‍ കൂടുവാന്‍
പ്രണയമേ നിന്നിലേക്ക് നടന്നോരെന്‍ വഴികള്‍ ഓര്‍ത്തെന്‍റെ പാദം തണുക്കുവാന്‍

പ്രണയമേ നിന്നിലേക്ക് നടന്നോരെന്‍ വഴികള്‍ ഓര്‍ത്തെന്‍റെ പാദം തണുക്കുവാന്‍
അതുമതി ഉടല്‍ മൂടിയ മണ്ണില്‍ നിന്ന് ഇവന്പുല്‍ക്കൊടിയായ്‌ ഉയര്‍ത്തെല്‍ക്കുവാന്‍

മരണമെത്തുന്ന നേരത്ത് നീയെന്‍റെ അരികില്‍ ഇത്തിരി നേരം ഇരിക്കണേ....
മരണമെത്തുന്ന നേരത്ത് നീയെന്‍റെ അരികില്‍ ഇത്തിരി നേരം ഇരിക്കണേ....

സിനിമ: സ്പിരിറ്റ്‌
രചന: റഫീഖ് അഹമദ്
സംഗീതം: ഷെഹബാസ് അമൻ
ആലാപനം : ഉണ്ണിമേനോൻ

താടിയും മുടിയും വളർത്തി അതി സുന്ദരനായ യേശുക്രിസ്തു!!!


ക്രിസ്തുവിനു ശേഷം 6-ആം നൂറ്റാണ്ടിലെ കാലനിർണയം നടത്തപെട്ട, ക്രിസ്തുവിന്റെതെന്നു കരുതാവുന്ന ഒരു പെയിന്റിംഗ് കണ്ടെടുക്കപ്പെട്ടു. ഇതുവരെ കണ്ടു പരിചയമില്ലാത്ത ഒരു രൂപം കണ്ട വിശ്വാസികൾ പലരും ഇതിനെ എതിർത്ത് സംസാരിക്കുന്നതും കേട്ടു. ചുരുണ്ട മുടിയുള്ള യേശു പലർക്കും സങ്കല്പ്പിക്കാവുന്നതിനു അപ്പുറം ആണെന്ന് തോനുന്നു.

തികച്ചുമൊരു ഏഷ്യൻ മതമായ ക്രിസ്തുമതവും ക്രിസ്തുവും പാശ്ചാത്യം എന്ന് തെറ്റിധരിപ്പിക്കപ്പെടും മട്ടിൽ ആണ് പ്രചരിപ്പിക്കപ്പെടുകയും, ക്രിസ്ത്യാനികളിൽ പോലും പലരും വിശ്വസിക്കുകയും ചെയ്യുന്നത്. പല കാരണങ്ങളിൽ ഒന്ന് യേശുവിന്റെത് എന്നാ മട്ടിൽ പ്രചരിക്കപ്പെടുന്ന ഫോട്ടോ ആണ് എന്ന് പറയുന്നതില തെറ്റില്ല. ഷാമ്പു ചെയ്തു മനോഹരമായി കാണപ്പെടും മട്ടിലുള്ള, വളർത്തി തോളറ്റം  വെട്ടി നിരത്തിയ സ്വർണനിറമുള്ള തലമുടിയും പാശ്ചാത്യ മുഖഭാവവും ഉള്ള യേശുവിനെയാണ് എല്ലാവർക്കും പരിചയം.

കണ്ട ചിത്രങ്ങൾ  ഒരു ചിത്രകാരന്റെ ഭാവന എന്നതിനെകാൾ അതിനെ വച്ചാരാധിക്കാനുള്ള പ്രോത്സാഹനവും പല സഭകളും നൽകി. യേശുവിന്റെ പടിപ്പിക്കലുകളിൽ പാശ്ചാത്യ വിശദീകരങ്ങളും കലർത്തുകയും, അതിനു നേതൃത്വം നല്കാനെന്നോണം പാശ്ചാത്യ മിഷനറിമാരുടെ ഇറക്കുമതി നടത്തുകയും ചെയ്തതോടെ, ഏഷ്യയിൽ ജനിച്ചു, വളർന്നു, പ്രവർത്തിച്ച യേശുവിൻറെ പഠിപ്പിക്കലുകളെ വിശ്വസിച്ച അനുയായികളുടെ കൂട്ടം പാശ്ചാത്യ മതാനുയായികൾ എന്ന് മറ്റുള്ളവരുടെ മുന്നിൽ തെറ്റിദ്ധരിക്കപ്പെട്ടു. ഒന്നാം നൂറ്റാണ്ടിൽ തന്നെ ഭാരത മണ്ണിൽ യേശു ശിഷ്യൻ തോമസ്‌ എത്തിയപ്പോൾ മുതൽ തന്നെ ക്രിസ്ത്യാനികൾ ഉണ്ടായി എന്നും ചരിത്രം പറയുമ്പോൾ, ഇത് പാശ്ചാത്യരുടെ കീഴിൽ കൊണ്ട് കെട്ടാനായി ചില നൂറ്റാണ്ടുകളായി നടന്നു വന്ന ശ്രമങ്ങളുടെ ഭാഗവും കൂടിയാവണം ഇന്ന് കണ്ടു വരുന്ന ക്രിസ്തു ചിത്രം.

ബൈബിൾ ആധാരമാക്കുകയാണെങ്കിൽ ആദിമ ക്രിസ്ത്യാനിയായിരുന്ന പൌലോസ് പുരുഷന്മാർ മുടി നീട്ടി വളർത്തുന്നതിനെ ശക്തമായി എതിർക്കുന്നത് കാണാം. (കൊരിന്ത്യർക്കെഴുതിയ ഒന്നാം ലേഖനം പതിനൊന്നാമത്തെ അദ്ധ്യായം) ക്രിസ്തു മുടി നീട്ടി വളർത്തിയ ആളായിരുന്നു എങ്കിൽ ക്രിസ്തു ശിഷ്യനായ പൌലോസ് അത് എതിർക്കേണ്ട കാര്യവും ഉണ്ടായിരുന്നില്ല എന്ന് നാം വിശ്വസിക്കെണ്ടതായി വരും.

ഒറ്റിക്കൊടുക്കുന്നതിനായി  യുദാസിനു യഹൂദന്മാർ 30 വെള്ളിക്കാശു കൊടുത്തെന്നും, ചുംബനം കൊണ്ട് ക്രിസ്തുവിനെ കാട്ടി കൊടുത്തു എന്നതിൽ നിന്നും തന്നെ, മറ്റു യഹൂദ പുരുഷന്മാരുമായി പറയത്തക്ക രൂപ വിത്യാസം ക്രിസ്തുവിന് ഇല്ലായിരുന്നു എന്നും മനസിലാക്കെണ്ടാതായി വരും.

ക്രിസ്തുവിനെ കുറിച്ചുള്ള പ്രവചനങ്ങളായി വിശ്വസിക്കപ്പെടുന്നിടത്  ഇങ്ങനെ കാണുന്നു, "അവന്നു രൂപഗുണം ഇല്ല, കോമളത്വം ഇല്ല; കണ്ടാൽ ആഗ്രഹിക്കത്തക്ക സൌന്ദര്യവുമില്ല." കുറഞ്ഞത്‌ രണ്ടു സ്ഥലങ്ങളിലെങ്കിലും പുരുഷാരതിനിടയിലേക്ക് അവനിറങ്ങി മറഞ്ഞതായി കാണുന്നു.

യേശു ജീവിച്ചിരുന്ന കാലഘട്ടത്തിലെ യഹൂദ പുരുഷന്മാർക്ക്  നീളമുള്ള മുടി ഉണ്ടായിരുന്നില്ല എന്ന് ചരിത്രകാരന്മാർ പറയുന്നു. ഗ്രീക്ക്, റോമ വംശജര്ക്കും ഇടതൂർന്ന, നീളമുള്ള മുടി ഉണ്ടായിരുന്നില്ലെന്ന് അക്കാലഘട്ടങ്ങളിലെ നാണയങ്ങളിലും മറ്റുമുണ്ടായിരുന്ന രൂപങ്ങളിൽ നിന്ന് ഊഹിക്കപ്പെടുന്നു.

അന്നത്തെ കാലത്ത്,  നീട്ടി വളർത്തിയ താടിയും സാധാരണ പുരുഷന്മാർക്ക് ഉണ്ടാവില്ല എന്നും ചൂണ്ടികാനിക്കപെടുന്നു.

Saturday 25 May 2013

ചില്ലറ മിഠായി


കുട്ടിക്കാലത്തെ നല്ല ഓർമകളിൽ ചിലത് സാധനങ്ങൾ വാങ്ങാൻ കടയിൽ പോകുന്നതുമായി ബന്ധപെട്ടായിരുന്നു.  ബാക്കി വരുന്ന പൈസയ്ക്ക് മിഠായി വാങ്ങാം എന്നതായിരുന്നു അതിന്റെ ഒരു പ്രധാന കാരണം. ശങ്കരപിള്ള അങ്കിളിന്റെയും (എന്തുകൊണ്ടാണ് അങ്കിൾ എന്നൊക്കെ നാട്ടുമ്പുറത്ത്കാരനായ   ഒരു സാധാരണ കുട്ടിയെക്കൊണ്ട് വിളിപ്പിച്ചതെന്നു എനിക്കിന്നും അറിഞ്ഞ്കൂടാ) ആലുമ്മൂട്ടിലെ പപ്പയുടേയും ഒക്കെ കടയിലെ നാരങ്ങ മിഠായിയുടെയും ഗ്യാസ് മിഠായിയുടെയും  ഒക്കെ രുചി വീണ്ടും കടയിൽ പോവാൻ പ്രേരിപ്പിക്കുന്നതായിരുന്നു.

ചില്ലറ ക്ഷാമം വൈദ്യുതി ക്ഷാമത്തെക്കാൾ ഭീകരമായ ഒരു യാതാർത്ഥ്യം ആണ്. ആരുടേയും കൈയിൽ ചില്ലറയില്ല. ചില്ലറയില്ലാതെ ഒരു വഴിക്കിറങ്ങിയാലോ? ആരുടെയെല്ലാം  വായിൽ നിന്ന് ചീത്ത കേൾക്കണം. ബസുകാരനിൽ നിന്ന്, പച്ചക്കറിക്കാരൻ, പാൽക്കാരൻ, ഓട്ടോക്കാരൻ, റെയിൽവേ  ടിക്കറ്റ്‌  കൌണ്ടെറിൽ  ഇരിക്കുന്ന സാർ എന്ന് വേണ്ട കണ്ടും കേട്ടും കേൾക്കാതെയും ഒരു കാര്യവുമില്ലാതെ കൈയും കെട്ടി നിൽക്കുന്നവൻ വരെ കിട്ടുന്ന സന്ദർഭം പാഴാക്കില്ല. ചത്ത്‌ മണ്ണടിഞ്ഞ അപ്പൻ കുഴിയിൽ നിന്നെഴുന്നേറ്റു വന്ന് അപ്പനെ പറയിക്കാൻ ഉണ്ടായവനെ എന്ന് പറയിക്കണ്ടായല്ലോ എന്ന് കരുതി ബാക്കി വേണ്ടെന്ന് വെക്കും. പുളിച്  തികട്ടിയതെല്ലാം കേൾക്കുമ്പോൾ തോന്നും ചില്ലറ കൈയിലില്ലാത്ത ഒരേ ഒരാൾ ഞാൻ മാത്രമാണെന്ന്.

ദോഷം പറയരുതല്ലോ, ബാക്കി ചോദിക്കുമ്പോൾ മാത്രമേ ഇത്തരം പുലഭ്യവും ഉപദേശങ്ങളും ഉണ്ടാകാറുള്ളൂ.  ബസുകാരന്റെ കൈയിൽ 9 രൂപയുടെ ടിക്കെറ്റ് എടുത്തിട്ട് 10 രൂപ കൊടുത്താൽ, ടിക്കെറ്റ് മാത്രം തന്ന് അദ്ദേഹം അടുത്തയാളുടെ അടുക്കലേക്ക് വെക്കം നീങ്ങും. 1 രൂപ ബാക്കി ചോദിച്ചാൽ 4 രൂപ അയാൾക്ക് കൊടുക്കാമെങ്കിൽ 5 രൂപ തരാം എന്ന് പറയും. 4 രൂപ ചില്ലറയില്ലാത്ത നിസ്സഹായകൻ ആകയാൽ 1 രൂപ പോകട്ടെ എന്ന് വെക്കും.അതും കൂടാതെ ഇറങ്ങും വഴിയിൽ  ചില്ലറയില്ലാതെ വീട്ടിൽ നിന്നിറങ്ങിയവർക്കുള്ള  പുലഭ്യം മുഴുവൻ കണ്ടക്ടറിൽ നിന്നും ദാനമായി ലഭിക്കുകയും ചെയ്യും. അത് കേട്ട് 6 രൂപയുടെ ടിക്കെറ്റെടുത്ത് 50 രൂപക്കെടുത്ത ഹതഭാഗ്യൻ ബാക്കി കിട്ടിയ 40 രൂപ തന്നെ മഹാ ഭാഗ്യം എന്ന് കരുതി മിണ്ടാതിരിക്കും.

10 ന്  താഴെയുള്ള സകല ചില്ലറകളും നാട്ടുകാർ ഭിക്ഷയായി കരുതുവാൻ ശീലിച്ചു കഴിഞ്ഞു.

ഈയിടെ പാളയത്ത് നിന്ന് ജനറൽ ഹോസ്പിറ്റൽ വരെ ഓട്ടോ പിടിച്ചു. 22 രൂപ മീറ്റെറിൽ ആയതുകൊണ്ട്  30 രൂപ കൊടുത്തു. 2 രൂപ വേണ്ടെന്നു വെക്കാനുള്ള മഹാമാനസ്കതയില്ലാത്ത ഓട്ടോക്കാരൻ എന്നാ മാന്യ ദേഹം ഒന്നും മിണ്ടാതെ ഓട്ടോ വട്ടം എടുത്ത് അയാളുടെ വഴിക്ക് പോയി.ഞാൻ കൊടുക്കേണ്ട 2 രൂപയോ അയാൾക്ക് അധികം കിട്ടിയ 8 രൂപയോ വലുതെന്ന വർണ്യത്തിലാശങ്ക ഉത്പ്രേക്ഷാഖ്യാലംകൃതി.

രാവിലെ ബ്രേക്ക്‌ ഫാസ്റ്റ് വാങ്ങുവാൻ ഹോട്ടലിൽ പോയി 55 രൂപ ബിൽ ആയത് കൊണ്ട് 100 രൂപ കൊടുത്തു. 5 രൂപയുണ്ടോ എന്ന് അയാൾ എന്നോട് ചോദിച്ചു. രാവിലെ ഞാനെവിടെ നിന്നാ ചില്ലെറയുണ്ടാക്കി കൊണ്ട് വരുന്നത് എന്ന് മുഖത് നോക്കി പറഞ്ഞപ്പോൾ ഞാൻ കരുതി അങ്ങനെ 5 രൂപ അയാൾക്ക് വെറുതെ കൊടുക്കേണ്ടെന്ന്. പോക്കെറ്റിൽ തപ്പിയപ്പോൾ 2 രൂപയുടെ ഒരു തുട്ട്, 1 രൂപയുടെ 2 തുട്ട്, ഒരു 50 പൈസ ഇത്രയും കിട്ടി. 4 രൂപ 50 പൈസ അയാളുടെ മേശപ്പുറത്തേക്ക് ഇട്ടു. അയാള് പറഞ്ഞു - "വേണ്ട" അയാൾ 45 രൂപ എനിക്കെടുത്ത് നീട്ടി. ഇത്ര ക്ഷണത്തിൽ അയാൾ ചില്ലറ സംഘടിപ്പിച്ചു. 50 പൈസ നഷ്ടമാകുന്ന ആളിന്റെ വേദന എനിക്ക് മനസിലായി.

സ്ഥിരമായി ചില്ലറയ്ക്ക് പകരം മിഠായി തരുന്ന ഒരു കച്ചവടക്കാരാൻ Dehradun -ൽ ഉണ്ടായിരുന്നു. സംശയിക്കേണ്ട, ആൾ മലയാളി തന്നെ. 497 രൂപയ്ക്ക് സാധനങ്ങൾ വാങ്ങി 500 രൂപയുടെ നോട്ട് കൊടുത്ത ആളിന് പതിവുപോലെ അദ്ദേഹം 3 മിഠായി എടുത്ത് നീട്ടി. വളരെ മാന്യനായ അദ്ദേഹം, പോക്കെറ്റിൽ നിന്നും 7 മിഠായി കച്ചവടക്കാരന് കൊടുത്ത് 10 രൂപ വാങ്ങിയെടത്ത് കഥയ്ക്ക്‌ ശുഭാന്ത്യം.